Arthattu Kunnamkulam St. Mary’s Church

arthattu_church

ആര്‍ത്താറ്റ്‌ പള്ളി:

മാര്‍ത്തോമ്മാശ്ലീഹായുടെ സുവിശേഷം കേട്ട പാലൂരിലെ യഹൂദരും ബുദ്ധ–ജൈന മതക്കാരും അവിടെയുണ്ടായിരുന്ന സിനഗോഗ്‌ ക്രൈസ്‌തവ ദേവാലയമായി ഉപയോഗിച്ചു ദൈവമാതാവിന്റെ നാമത്തില്‍ പ്രതിഷ്‌ഠിച്ചു. പാലൂരിലെ പുരാതന പാരമ്പര്യമനുസരിച്ച്‌ ബുദ്ധസന്യാസപാരമ്പര്യമുള്ള ചീവരധാരികളെ – അവര്‍ പിന്നീട്‌ ചീരന്‍ കുടുംബപ്പേരായി – പുരോഹിതവൃത്തി ഏല്‌പിച്ചു. യഹൂദക്രിസ്‌ത്യാനികള്‍ക്കായിരുന്നു ഇവിടെ മുന്‍തൂക്കം. ക്രിസ്‌തുവര്‍ഷാരംഭത്തില്‍ പ്രബലമായിരുന്ന വിദേശവ്യാപാരത്തിന്റെ കേരളത്തിലെ തുറമുഖമായിരുന്ന പൊന്നാനിയുടെ തുറമുഖ പട്ടണമായ പാലോറ – പാലൂര്‍ – കേരള ക്രിസ്‌തുമതത്തിന്റെ പിള്ളത്തൊട്ടിലാണ്‌. തത്തൂലം ഇവിടത്തെ പള്ളി തലപ്പള്ളി എന്ന്‌ അറിയപ്പെട്ടു. ഈ പള്ളി ഉള്‍പ്പെട്ട താലൂക്ക്‌ തലപ്പള്ളി താലൂക്ക്‌ എന്നും ഈ പ്രദേശം ഉള്‍പ്പെട്ട രാജവംശം തലപ്പള്ളി രാജവംശം എന്നും അറിയപ്പെട്ടു. വിദേശ വ്യാപാരകേന്ദ്രമായിരുന്നതിനാല്‍ തുറമുഖം കൈവശപ്പെടുത്തുവാന്‍ ചേര–ചോള–പാണ്ഡ്യത്താര്‍ തമ്മില്‍ ഈ പ്രദേശത്ത്‌ യുദ്ധപരമ്പരകള്‍ അഴിച്ചുവിട്ടു. യുദ്ധക്കളം ഇന്നും ഭപോര്‍ക്കളം’ എന്ന പേരില്‍ പാലൂര്‍ പ്രദേശത്ത്‌ അറിയപ്പെടുന്നു. യുദ്ധങ്ങള്‍ മൂലം പാലൂര്‍ നിവാസികള്‍ തെക്കോട്ട്‌ പലായനം ചെയ്‌തതോടെ പാലൂര്‍ നസ്രാണികള്‍ അവരുടെ പാരമ്പര്യവുമായി കേരളത്തിലെങ്ങും വ്യാപിച്ചു. അങ്കമാലി, പറവൂര്‍, കുറുപ്പമ്പടി, കുറവിലങ്ങാട്‌, നിരണം, ഓമല്ലൂര്‍, കോട്ടയം, പത്തനംതിട്ട, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന്‌ പ്രസിദ്ധപ്പെടുത്തിയ കുടുംബചരിത്രങ്ങളില്‍ അവര്‍ വടക്ക്‌ കുന്നംകുളം, ചാവക്കാട്‌ പ്രദേശങ്ങളില്‍ നിന്ന്‌ കുടിയേറിപ്പാര്‍ത്തവരാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. പലവട്ടം പുതുക്കിപ്പണിത പള്ളി – തലപ്പള്ളി – ആദ്യകാലത്ത്‌ മലങ്കരസഭയുടെ ആസ്ഥാനമായിരുന്നു. അലക്‌സാണ്ട്രിയന്‍ സഭാബന്ധത്തിന്റെ സംസ്‌ക്കാരമുദ്രകള്‍ ഇവിടത്തെ സഭാജീവിതത്തില്‍ കാണാം. ടിപ്പു സുല്‍ത്താന്‍ 1789–ല്‍ പള്ളി തീവച്ചു നശിപ്പിച്ചു. അങ്ങാടി കൊള്ളയടിക്കുകയും ചെയ്‌തു. കുറേക്കാലമായി റോമ്മാക്കാരുമായുള്ള തര്‍ക്കങ്ങളില്‍ പെട്ട്‌ പൂട്ടിക്കിടന്ന പള്ളി ശക്തന്‍തമ്പുരാന്റെ സഹായത്തോടെ നറുക്കെടുപ്പ്‌ നടത്തി തര്‍ക്കമൊഴിഞ്ഞ്‌ ലഭിക്കുവാന്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാന്‍ (കോട്ടയം പഴയസെമിനാരി സ്ഥാപകന്‍) സഫലമായി നേതൃത്വം നല്‍കി. ഇന്ന്‌ കാണുന്ന ബൃഹത്‌രൂപത്തില്‍ അതിന്റെ പുനര്‍ നിര്‍മ്മാണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. 1808 ജനുവരി 14 –ന്‌ ക്ലോഡിയസ്‌ ബുക്കാനന്‍ ഈ പള്ളി സന്ദര്‍ശിച്ച്‌ മലങ്കരയിലുള്ള എല്ലാ പള്ളികള്‍ക്കും വേണ്ടി വിപുലമായ ഒരു സുവര്‍ണ്ണ മെഡല്‍ സമ്മാനിച്ചു. നവീകരണകാലത്ത്‌ പഴയസെമിനാരി നവീകരണക്കാരുടെ കൈവശമായപ്പോള്‍ സ്‌തേഫാനോസ്‌ അത്താനാസ്യോസ്‌, ശെമവൂന്‍ റമ്പാന്‍ (പിന്നീട്‌ മാര്‍ അത്താനാസ്യോസ്‌) എന്നിവരുടെ നേതൃത്വത്തില്‍ ഈ പള്ളിയില്‍ ഉണ്ടായിരുന്ന സെഹിയോന്‍ ബംഗ്ലാവ്‌ മലങ്കരസഭയുടെ സെമിനാരി ആയി പ്രവര്‍ത്തിച്ചു. കാട്ടുമങ്ങാട്ട്‌ മെത്രാത്താര്‍ക്ക്‌ അഭയം നല്‍കിയതും തൊഴിയൂരിലേക്ക്‌ മെത്രാത്താരാവാനുള്ള വൈദികരെ തിരഞ്ഞെടുത്ത്‌ നല്‍കി അവരെ സംരക്ഷിച്ചിരുന്നതും ഈ പള്ളിയാണ്‌. ഈ പള്ളിയുടെ ചരിത്രം പി. സി. കുഞ്ഞാത്തു രചിച്ചിട്ടുണ്ട്‌. ആര്‍ത്താറ്റ്‌ പള്ളിപ്പാട്ട്‌, ആര്‍ത്താറ്റ്‌ പടിയോല എന്നിവ പ്രസിദ്ധം. കുന്നംകുളം മെത്രാസനം സ്ഥാപിച്ചപ്പോള്‍ ആസ്ഥാനം താല്‌ക്കാലികമായി ഇവിടെയാണ്‌ ക്രമീകരിച്ചത്‌. നൂറുകണക്കിനാളുകള്‍ നോമ്പുകാലത്ത്‌ പള്ളിയില്‍ താമസിച്ച്‌ നോമ്പാചരിക്കുന്നു. കോട്ടയം സെമിനാരി സ്ഥാപകനായ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ ക, പരുമല സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ്‌ കക എന്നിവര്‍ ഈ ഇടവകക്കാരാണ്‌. മാര്‍ മാത്യൂസ്‌ ക ബാവാ ഇതിനെ കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ചു.

ആര്‍ത്താറ്റ്‌ പള്ളിക്കേസ്‌:

മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച പള്ളി എന്ന നിലയില്‍ ഈ പള്ളി സ്വന്തമാക്കുവാന്‍ സഭാവിഭജനവാദക്കാരെല്ലാം ശ്രമിച്ചു. 5–ാം മാര്‍ത്തോമ്മായുടെ കാലത്തുണ്ടായ വിവാദങ്ങളെ തുടര്‍ന്ന്‌ പൂട്ടിയിട്ട പള്ളി 1805–ല്‍ പൂര്‍വിക അവകാശികള്‍ക്ക്‌ കിട്ടി. റോമ്മാക്കാര്‍ തൊട്ടടുത്ത്‌ ഒരു സമാന്തര ദേവാലയം സ്വന്തമായുണ്ടാക്കി. 19–ാം നൂറ്റാണ്ടില്‍ നവീകരണവാദികള്‍ അവകാശമുന്നയിച്ചത്‌ ആര്‍ത്താറ്റ്‌ കേസിന്‌ വിഷയമായി. ഒടുവില്‍ 1905–ല്‍ പൂര്‍വികാവകാശികള്‍ക്കനുകൂലമായി കൊച്ചി റോയല്‍ കോടതി വിധിച്ചു. ഇതോടെ നവീകരണക്കാര്‍ തൊട്ടടുത്ത്‌ അവരുടേതായ പള്ളി സ്ഥാപിച്ചു. ഒടുവില്‍ പാത്രിയര്‍ക്കീസ്‌ കക്ഷി കേസിന്‌ പ്രത്യക്ഷമായി പോകാതെ വിവിധ കാരണങ്ങളാല്‍ അടര്‍ന്ന്‌ അസംതൃപ്‌തരായി പോരുന്നവരെ ഉള്‍പ്പെടുത്തി സമീപത്തു തന്നെ ഒരു പള്ളി സ്ഥാപിച്ചു. സ്ലീബാ മാര്‍ ഒസ്‌താത്തിയോസ്‌ ഇതിന്‌ നേതൃത്വം നല്‍കി. പാതാളവാതിലുകള്‍ അതിനോടു പ്രബലതപ്പെടുകയില്ല. എല്ലാ കേസുകളേയും അതിജീവിച്ച്‌ പാലൂര്‍ – ചാട്ടുകുളങ്ങര (ആര്‍ത്താറ്റ്‌) മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച പള്ളിയിപ്പോഴും അവിഭക്ത മലങ്കരസഭയുടെ പൂര്‍വിക അവകാശികളുടെ കൈവശത്തില്‍ തുടരുന്നു. ദൌര്‍ഭാഗ്യവശാല്‍ ആര്‍ത്താറ്റ്‌ പള്ളികേന്ദ്രമായ ആര്‍ത്താറ്റ്‌ മഹാഇടവകയും ആര്‍ത്താറ്റ്‌ ആസ്ഥാനമായ മെത്രാപ്പോലീത്തായും തമ്മില്‍ ഒടുവിലുണ്ടായ ആഭ്യന്തര വ്യവഹാരങ്ങള്‍ 2007–ല്‍ രാജിയായി.

ആര്‍ത്താറ്റ്‌ പള്ളിപ്പാട്ട്‌:

1789–ല്‍ ടിപ്പുവിന്റെ പടനായകര്‍ മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച മലങ്കരയുടെ തലപ്പള്ളി കൂടെയായ പാലൂര്‍–ചാട്ടുകുളങ്ങര ആര്‍ത്താറ്റ്‌ ദേവാലയം അഗ്നിക്കിരയാക്കിയത്‌ ആ പുരാതന ഇടവകയുടെ മനസ്സില്‍ അഗാധമായ പൊള്ളലുണ്ടാക്കി. ദശകങ്ങളോളം പൂട്ടിക്കിടന്ന പള്ളിയുടെ അനാഥത്വം അവരെ വേദനിപ്പിച്ചു. ഒടുവില്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ്‌ മല്‌പാന്റെ നേതൃത്വത്തില്‍ ശക്തന്‍തമ്പുരാന്റെ സഹായത്തോടെ നറുക്കെടുപ്പിലൂടെ തര്‍ക്കമൊഴിഞ്ഞ പള്ളി കൈവശം കിട്ടിയപ്പോള്‍ ഇടവക ആനന്ദനൃത്തം ചെയ്‌തു. ഈ ഹൃദയസ്‌പൃക്കായ സംഭ വങ്ങളെ വര്‍ണ്ണിച്ചുകൊണ്ട്‌ പനക്കല്‍ ഇക്കാക്കു കുരിയപ്പന്‍ എന്ന അനുഗൃഹീത കവി 1829–ല്‍ രചിച്ച കൃതിയാണ്‌ ആര്‍ത്താറ്റ്‌ പള്ളിപ്പാട്ട്‌. ദൃക്‌സാക്ഷി വിവരണമെന്ന നിലയില്‍ അതിന്റെ ചരിത്രമൂല്യം വലുതാണ്‌. വ്യാഖ്യാന സഹിതം അതിന്റെ പരിഷ്‌കരിച്ച പതിപ്പ്‌ അഡ്വ. പി. സി. മാത്യു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എം. വി. ചീരന്‍ ഒരു പതിപ്പ്‌ പ്രസിദ്ധപ്പെടുത്തി.

ആര്‍ത്താറ്റ്‌ പള്ളിപ്പാട്ടും ചരിത്രരേഖകളും:

ആര്‍ത്താറ്റ്‌ പള്ളിപ്പാട്ടിന്‌ വ്യാഖ്യാനം തയാറാക്കി അഡ്വ. പി. സി. മാത്യു പ്രസിദ്ധീകരിച്ച ഗ്രന്ഥം.

പാലൂര്‍: ചാട്ടുകുളത്തിന്റെ തീരത്ത്‌ ആര്‍ത്താറ്റ്‌ ജൂതക്കുന്നില്‍ ഉണ്ടായിരുന്ന ജൂതസിനഗോഗ്‌ രൂപഭേദപ്പെടുത്തി മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച കേരള ക്രൈസ്‌തവരുടെ തലപ്പള്ളി. പാലൂര്‍ പ്രദേശം എന്നും ചാട്ടുകുളങ്ങര എന്നും ഇത്‌ അറിയപ്പെട്ടു. 1599–ല്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മെനേസ്സിസിനെ ആര്‍ത്ത്‌ ആട്ടി ഇറക്കിയ സംഭവം മുതല്‍ക്ക്‌ ഇടവകക്കാര്‍ക്ക്‌ ആര്‍ത്താട്ടുകാര്‍ എന്ന്‌ പേരായി. പാലൂര്‍ എന്ന പേര്‍ ചരിത്രത്തില്‍ മാത്രമായി അവശേഷിച്ചു. കേരള ക്രൈസ്‌തവരുടെ ഈ തലപ്പള്ളി ആര്‍ത്താറ്റ്‌ പള്ളി എന്ന്‌ അറിയപ്പെടുന്നു. പ്ലീനി വിവരിക്കുന്ന പാലൊറ പാലൂര്‍ പ്രദേശമാണ്‌. വിസ്‌തൃത പ്രദേശമായ പാലൂര്‍ പ്രദേശത്തായിരുന്നു വിദേശവ്യാപാര തുറമുഖം – പിന്നീട്‌ പൊന്നാനി – സ്ഥിതിചെയ്‌തിരുന്നത്‌. നമ്പൂതിരിമാര്‍ കേരളത്തില്‍ കുടിയേറിപ്പാര്‍ത്തത്‌ ഈ തുറമുഖം മുഖേനയെന്ന്‌ കാണിപ്പയ്യൂര്‍ നമ്പൂതിരിയുടെ ഭആര്യത്താരുടെ കുടിയേറ്റ’ത്തില്‍ കാണുന്നു. പ്രാചീന റോമന്‍ കോളനിയും അഗസ്റ്റസ്‌ ദേവാലയവും സ്ഥിതിചെയ്‌തിരുന്ന അഗതിയൂരും പാലൂര്‍ പ്രദേശത്താണ്‌. പില്‌ക്കാലത്ത്‌ ചെറുപ്രദേശങ്ങള്‍ പ്രത്യേകം പേരുകളില്‍ അറിയപ്പെട്ടപ്പോള്‍ പാലൂര്‍ എന്ന പ്രാചീനനാമം ചരിത്രത്തില്‍ ഒതുങ്ങി.

പാലൂര്‍ നാടകം: ഉദയംപേരൂര്‍ സുന്നഹദോസിന്റെ (1599) തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ പള്ളികള്‍ സന്ദര്‍ശിച്ചുകൊണ്ടേയിരുന്ന ആര്‍ച്ച്‌ ബിഷപ്പും പരിവാരവും സുന്നഹദോസിനെ ബഹിഷ്‌ക്കരിച്ച പാലൂര്‍ – ചാട്ടുകുളങ്ങര പള്ളിയിലെത്തി. ആര്‍ച്ച്‌ ബിഷപ്പിന്റെ മുമ്പില്‍ പള്ളിക്കാര്‍ ഒരു പ്രഹസനം അവതരിപ്പിച്ചു. മൂന്ന്‌ കഥാപാത്രങ്ങളും മൂന്ന്‌ രംഗങ്ങളുമുള്ള ഒരു നാടകം. ആദ്യരംഗത്തിലെ നായകന്‍ പത്രോസ്‌ ശ്ലീഹാ. അദ്ദേഹം ആഗോളസഭയുടെ അധിപന്‍ പത്രോസിന്റെ പിന്‍ഗാമിയായ റോമ്മന്‍ പാപ്പായാണെന്നുള്ളതിന്റെ ന്യായങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ ആത്മരക്ഷയ്ക്ക്‌ പാപ്പായെ സ്വീകരിച്ചേ മതിയാവൂ എന്ന്‌ തത്തയത്വത്തോടെ സദസ്യരെ ബോധവല്‌ക്കരിച്ചത്‌ മുന്‍നിരയിലിരുന്ന്‌ നാടകം കണ്ട ആര്‍ച്ച്‌ബിഷപ്പിന്‌ ഇഷ്‌ടപ്പെട്ടു. അടുത്ത രംഗത്തില്‍ വേഷമിട്ട്‌ രംഗത്തെത്തിയത്‌ തോമ്മാശ്ലീഹായാണ്‌. പത്രോസിന്റെ വാദമുഖങ്ങളെല്ലാം ക്രിസ്‌തുവിന്റെ പഠിപ്പിക്കലിന്‌ വിരുദ്ധമാണെന്നും പത്രോസ്‌ മലങ്കരയില്‍ നടത്തുന്നത്‌ അതിനീചമായ അജമോഷണമാണെന്നും തോമായുടെ വേഷക്കാരന്‍ പ്രമാണങ്ങള്‍ നിരത്തിയത്‌ സദസ്യരെ രസിപ്പിച്ചു. മൂന്നാം രംഗത്തിലെ വേഷക്കാരന്‍ മാര്‍ കുറിയാക്കോസ്‌ സഹദാ ആയിരുന്നു. അദ്ദേഹം രണ്ടുപേരുടെയും വാദമുഖങ്ങളെ നിര്‍ദ്ദാക്ഷിണ്യം വിശകലനം ചെയ്‌ത്‌ ന്യായാധിപന്റെ പീഠത്തിലിരുന്ന്‌ മാര്‍ത്തോമ്മായുടെ വാദമുഖങ്ങളെ അനുകൂലിച്ചുകൊണ്ട്‌ അന്തിമവിധി പ്രസ്‌താവിച്ചപ്പോള്‍ ആര്‍ച്ച്‌ബിഷപ്പ്‌ വിയര്‍ത്തു. കാണികള്‍ കൂവിയാര്‍ത്തുവിളിച്ച്‌ ആര്‍ച്ചുബിഷപ്പിനെയും പരിവാരത്തെയും ആട്ടിപ്പുറത്താക്കി. ഈ സംഭവം ബിഷപ്പ്‌ ബ്രൌണ്‍ അദ്ദേഹത്തിന്റെ സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതോടെ പാലൂര്‍ – ചാട്ടുകുളങ്ങര ഇടവകക്കാര്‍ക്ക്‌ ആര്‍ത്താട്ടുകാര്‍ എന്ന്‌ പേര്‍ വീണു.
പാലൂര്‍ മെത്രാസനം: ഉദയംപേരൂര്‍ സുന്നഹദോസിന്‌ മുമ്പ്‌ തന്നെ പാലൂരിനെ ഒരു മെത്രാസനമായി റോം പ്രഖ്യാപിക്കുകയും ആര്‍ച്ച്‌ഡീക്കന്‍ ഗീവറുഗ്ഗീസിന്‌ അതിന്റെ മെത്രാന്‍സ്ഥാനം വാഗ്‌ദത്തം ചെയ്യപ്പെട്ടതുമാണ്‌. അദ്ദേഹം ആ ഓഫര്‍ നിരാകരിച്ചതോടെ ആ മെത്രാസനം നിലവില്‍ വന്നില്ല. എന്നാല്‍ 1876–ല്‍ പത്രോസ്‌ തൃതീയന്‍ മലങ്കരസഭയെ ആറ്‌ മെത്രാസനമായി വിഭജിച്ചപ്പോള്‍ കൊച്ചി സംസ്ഥാനത്തുള്ള പള്ളികളെ പാലൂര്‍ മെത്രാസനം എന്ന്‌ പ്രഖ്യാപിച്ചതായും പിന്‍ഗാമി അബ്‌ദുള്ളാ പാത്രിയര്‍ക്കീസ്‌ പാലൂര്‍ മെത്രാസനം എന്ന്‌ കല്‌പനകളില്‍ പ്രയോഗിച്ചിരുന്നതായും രേഖകള്‍ ഉണ്ട്‌. പിന്നീട്‌ പാലൂര്‍ മെത്രാസനത്തിലുള്‍പ്പെട്ട കൊച്ചി, രാജ്യതലസ്ഥാനമാകയാല്‍ കൊച്ചിയുടെ പേര്‍ മെത്രാസന നാമമായിത്തീരുകയുമാണുണ്ടായത്‌.

– ഫാ. ജോസഫ് ചീരന്‍

DSC_0268

Printing Quality Photo

History of Paloor – Kunnamkulam Churches by Fr. Dr. Joseph Cheeran.

Leave a Reply

Your email address will not be published. Required fields are marked *