St. Thomas Orthodox Church, Kunnamkulam (കിഴക്കേ പുത്തന്‍പള്ളി )

St_Thomas_Orthodox_Church_Kunnamkulam

സെന്റ്‌തോമസ്‌ കിഴക്കേ പുത്തന്‍പള്ളി
നൂറ്‌ മീറ്റര്‍ ചുറ്റളവില്‍ നാലു പ്രശസ്‌ത ഓര്‍ത്തഡോക്‌സ്‌ ദേവാലയങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചരിത്രം കുന്നംകുളം വലിയങ്ങാടിക്ക്‌ സ്വന്തം. ചിറളയം പള്ളിയും പഴയപള്ളിയും തെക്കേ അങ്ങാടി പള്ളിയും കിഴക്കേ പുത്തന്‍പള്ളിയും ഓരോ തലത്തില്‍ ചരിത്ര വിഖ്യാതങ്ങളാണ്‌. ഇവയുടെ ഉത്ഭവത്തിന്‌ സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്‌. കുന്നംകുളം വലിയങ്ങാടി ക്രിസ്‌തുവര്‍ഷാരംഭത്തിന്‌ മുമ്പ്‌ മുതലേ ഒരു ബുദ്ധമത കേന്ദ്രമായിരുന്നു. പൊന്നാനി തുറമുഖം കേന്ദ്രമാക്കി കേരളവും റോമ്മാസാമ്രാജ്യവും തമ്മില്‍ നടന്നിരുന്ന വിദേശ വ്യാപാരമാണ്‌ ബുദ്ധമതക്കാരെയും മറ്റും വടക്കേ ഇന്ത്യയില്‍ നിന്ന്‌ ആകര്‍ഷിച്ചത്‌. ആര്യത്താരുടെ ഉത്തരേന്ത്യന്‍ കുടിയേറ്റം മൂലം തെക്കോട്ട്‌ കുടിയേറിപ്പാര്‍ക്കാന്‍ നിര്‍ബന്ധിതരായ ഉത്തരേന്ത്യന്‍ ദ്രാവിഡവര്‍ഗ്ഗങ്ങളും അവരിലുള്‍പ്പെട്ടിരുന്നു. പാലൂര്‍ – അലക്‌സന്ത്രിയാ വ്യാപാരത്തില്‍ അറബി – യഹൂദ സംഘങ്ങളോടൊത്ത്‌ വിഭവശേഖരണത്തില്‍ പങ്കെടുത്തുകൊണ്ട്‌ ബുദ്ധ–ജൈനമതക്കാരും വിവിധ ദ്രാവിഡഗോത്രക്കാരും പാലൂര്‍ പ്രദേശത്ത്‌ അധിവസിച്ചു. ബുദ്ധമതക്കാര്‍ക്ക്‌ ഓരോ തെരുവിലും പഗോഡകള്‍ ഉണ്ടായിരുന്നു. അവരുടെ സാമൂഹ്യസമ്മേളന വേദിയായിരുന്നു പഗോഡകള്‍. കുന്നംകുളത്തിനടുത്ത്‌ പോര്‍ക്കളം പ്രദേശത്ത്‌ അവരുടെ വിപുലമായ പാഠശാലയും ഉണ്ടായിരുന്നു. ബുദ്ധ–ജൈനസന്യാസികള്‍ ഇവിടെ ഗുഹകളില്‍ പാര്‍ത്തു വിജ്ഞാനവിതരണം നടത്തിവന്നു. ക്രിസ്‌ത്വബ്‌ദം രണ്ടും മൂന്നും നൂറ്റാണ്ടുകളിലുണ്ടായ ശൈവമത മര്‍ദ്ദനകാലത്ത്‌ പോര്‍ക്കുളത്തുള്ള ശാലകള്‍ ശൈവമത പാഠശാലകളായി മാറി. അവ ശൈവ പുരാണങ്ങളില്‍ തിരുമറൈക്കാട്‌, സംസ്‌കൃത കൃതികളില്‍ വേദവനം, ശ്രുതിവനം എന്നീ പേരുകളിലും അറിയപ്പെട്ടു. തെരുവുകളിലെ പഗോഡകള്‍ ശൈവക്ഷേത്രങ്ങളായി മാറ്റപ്പെട്ടു. അവ അന്തിമാളന്‍കാവുകള്‍ എന്നറിയപ്പെട്ടു. ബുദ്ധ–ജൈന ഭിക്ഷുക്കള്‍ മതംമാറ്റത്തിന്‌ വിധേയരാവുകയോ പലായനം ചെയ്യുകയോ ചെയ്‌തു. എട്ടാം നൂറ്റാണ്ടിനുശേഷം ബ്രാഹ്മണാധിപത്യക്കാലത്ത്‌ കേയപ്പെരുമാളെ വധിച്ചതിന്‌ ശൂദ്രവിഭാഗത്തില്‍പ്പെട്ട വാളുനമ്പിടിയുടെ കുടുംബത്തിന്‌ നമ്പിടി വര്‍ഗ്ഗക്കാരെന്ന ഉയര്‍ന്ന പദവിയും ബ്രാഹ്മണതുല്യമായ ചില പദവികളും പാലൂര്‍ പ്രദേശത്തിന്റെ (തലപ്പള്ളി പ്രദേശത്തിന്റെ) ആധിപത്യവും പാരിതോഷികമായി ലഭിച്ചു. നമ്പിടിമാര്‍ കക്കാടും ചിറളയത്തും കുന്നംകുളം പടിഞ്ഞാറെ അങ്ങാടിയിലും കോട്ടപ്പടിയിലും കൊട്ടാരങ്ങള്‍ സ്ഥാപിച്ച്‌ രാജ്യാതിര്‍ത്തി തിരിച്ച്‌ ഭരണം തുടങ്ങിയപ്പോള്‍ അതത്‌ അന്തിമാളന്‍കാവുകള്‍ അതത്‌ തമ്പുരാക്കത്താരുടെ അധീനതയിലും നിയന്ത്രണത്തിലും ആയി. പില്‍ക്കാലത്ത്‌ തമ്പുരാക്കത്താര്‍ വ്യാപാരാഭിവൃദ്ധിയും ജീവരക്ഷയും ലക്ഷ്യമാക്കി സുറിയാനി ക്രിസ്‌ത്യാനികളെ അങ്ങാടികളില്‍ കുടിപാര്‍പ്പിച്ചപ്പോള്‍ അന്തിമാളന്‍കാവുകളെ അതേ നിലയിലോ പരിഷ്‌ക്കരിച്ചോ ദേവാലയമായി ഉപയോഗിക്കാന്‍ അനുവദിച്ചു. അതത്‌ പ്രജകള്‍ക്ക്‌ അതത്‌ തമ്പുരാന്റെ അതിര്‍ത്തിയിലുള്ള പള്ളിയിലേ പ്രവേശനം ഉണ്ടായിരുന്നുള്ളു. അതാണ്‌ ചിറളയം പള്ളിയുടെയും പഴയ പള്ളിയുടെയും തെക്കേ അങ്ങാടി പള്ളികളും ഉത്ഭവ ചരിത്രം.
എന്നാല്‍ കിഴക്കേ പുത്തന്‍പള്ളിയുടെ ചരിത്രം അല്‌പം വ്യത്യസ്‌തമാണ്‌.
1852–ല്‍ തിരുവിതാംകൂര്‍ മഹാരാജാവും അതിനെ തുടര്‍ന്ന്‌ കൊച്ചി മഹാരാജാവും നവീകരണ നേതാവായ പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസിനെ മലങ്കര മെത്രാപ്പോലീത്താ ആയി അംഗീകരിച്ചു കൊള്ളണം എന്ന്‌ വിളംബരം പുറപ്പെടുവിച്ചു. അതോടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നവീകരണത്തെയും അനുകൂലിക്കുന്ന വൈദികര്‍ക്ക്‌ മാത്രമേ പള്ളികളില്‍ പ്രവേശിക്കാവൂ എന്ന്‌ വന്നു. ഇഷ്‌ടമില്ലെങ്കില്‍ പോലും ഈ വിപരീത സാഹചര്യത്തില്‍ മിക്ക വൈദികരും നവീകരണത്തെ അനുകൂലിക്കാന്‍ നിര്‍ബദ്ധരായി. അവര്‍ അനധികൃതമായി നവീകരിച്ച ആരാധനക്രമം പള്ളികളില്‍ ഉപയോഗിച്ചതോടെ പൂര്‍വ്വിക സുറിയാനിക്കാര്‍ക്ക്‌ പള്ളിയില്ലാതായി. ആര്‍ത്താറ്റ്‌ പള്ളിയും ചിറളയം പള്ളിയും പഴയപള്ളിയും തെക്കേ അങ്ങാടികുരിശുപള്ളിയും അവര്‍ക്ക്‌ അനഭിഗമ്യമായി. ബ്രിട്ടീഷ്‌ കൊച്ചിയില്‍പ്പെട്ട ചാലശ്ശേരിയിലോ പഴഞ്ഞിയിലോ പോയി വേണം ആത്മീയകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ എന്ന അവസ്ഥ സംജാതമായി. അക്കാലത്ത്‌ കുന്നംകുളം സ്വദേശി പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാര്‍ ഇതോടെ രംഗത്തിറങ്ങി. നവീകരണത്തെ അനുകൂലിക്കാത്ത കുന്നംകുളം ക്രിസ്‌ത്യാനികളെ അദ്ദേഹം സംഘടിപ്പിച്ചു. 1851 വൃശ്ചികം 5–ാം തീയതി കിഴക്കേ പുത്തന്‍പള്ളി നില്‍ക്കുന്ന സ്ഥലം ചെറുവത്തൂര്‍ ചാക്കു ഇട്ടിക്കുരുവിന്റെയും തമ്പിമാരുടെയും അടുക്കല്‍ നിന്ന്‌ കൂത്തൂര്‍ പാറമേല്‍ ചുമ്മാര്‍ ഇയ്യു തീറുവാങ്ങി. ആര്‍ത്താറ്റ്‌ വടക്കേ വരാന്തയില്‍ കബറടങ്ങിയ പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാര്‍ പനയ്ക്കല്‍ യാക്കോബ്‌ കത്തനാര്‍ (കാക്കു മല്‌പാന്‍) തുടങ്ങിയവര്‍ വൃശ്ചികം 12–നു പള്ളിക്ക്‌ ശിലാസ്ഥാപനം നടത്തി. 1852 ചിങ്ങം 6–ന്‌ കോട്ടയം എം.ഡി. – പരുമല സെമിനാരികളുടെ സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ്‌ ശെമ്മാശന്‌ ചാലശ്ശേരി പള്ളിയില്‍ വച്ച്‌ യൂയാക്കീം മാര്‍ കൂറിലോസ്‌ കശ്ശീശാപട്ടം നല്‍കി. നവാഭിഷിക്തനായ വൈദികന്‍ ചിറളയം പള്ളിയില്‍ പ്രതികൂലതകളെ മറികടന്ന്‌ നവപൂജാര്‍പ്പണം നടത്തുകയും പഴഞ്ഞിപ്പള്ളിയില്‍ നിയമിതനാവുകയും ചെയ്‌തു. കുന്നംകുളം സുറിയാനിക്കാരുടെ വിധിവൈപരീത്യത്തില്‍ മനംനൊന്ത യുവ വൈദികന്‍, പൂര്‍വ്വിക വിശ്വാസപ്രകാരം ആരാധന നടത്തുവാന്‍ ഒരു പുതിയ പള്ളി സ്ഥാപിക്കുവാന്‍ കൊച്ചി സര്‍ക്കാരില്‍ അപേക്ഷ നല്‍കി. അപേക്ഷ അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ ധൃതഗതിയില്‍ പള്ളി പണിതുയര്‍ത്തുകയും ആരാധനയ്ക്ക്‌ സജ്ജമാക്കുകയും ചെയ്‌തു. 1852 വൃശ്ചികം 12–ാം തീയതി മുതല്‍ ആ യുവ വൈദികന്‍ അവിടെ ആരാധന അനുഷ്‌ഠിച്ചു പോരുകയും ചെയ്‌തു. കോട്ടയം പഴയസെമിനാരി സ്ഥാപകന്റെ ഓര്‍മ്മപെരുന്നാള്‍ ആയിരുന്നു അന്ന്‌.
പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാരുടെയും മറ്റും പരിശ്രമത്താല്‍ കുന്നംകുളത്ത്‌ ഒരു പുതിയ പള്ളി സ്ഥാപിച്ച വിവരം മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ അറിഞ്ഞു. അദ്ദേഹത്തിന്‌ കലശലായ കോപമുണ്ടായി. ആ പള്ളിയില്‍ ദിവ്യശുശ്രൂഷകള്‍ നടത്തിക്കരുതെന്ന്‌ അദ്ദേഹം കൊച്ചി ദിവാന്‍ ശങ്കരവാരിയര്‍ക്ക്‌ ഉടനെ എഴുതി അയച്ചതനുസരിച്ച്‌ കര്‍മ്മം നിരോധിക്കുന്നതിന്‌ ദിവാന്‍ ഉത്തരവിട്ടു.
അധികൃതരുടെ അനുവാദത്തോടെ ആരാധന ആരംഭിച്ച പള്ളിയിലെ കര്‍മ്മാനുഷ്‌ഠാനങ്ങള്‍ നിരോധിച്ച്‌ അയച്ച കല്‌പന ഒട്ടും ഗണ്യമാക്കാതെ ജോസഫ്‌ കത്തനാര്‍ ക്രമപ്രകാരം പുത്തന്‍പള്ളിയില്‍ വിശുദ്ധ കുര്‍ബാന തുടര്‍ന്നും അനുഷ്‌ഠിച്ചു. ന്യായാന്യായങ്ങളെക്കുറിച്ചുള്ള സ്ഥിരബോധത്തിന്റെ പരിപക്വഫലമായ ഈ പ്രവൃത്തി അദ്ദേഹത്തിന്റെ ബുദ്ധിവിശേഷത്തിനും ധീരോദാത്തതയ്ക്കും ഒരു ദൃഷ്‌ടാന്തമായി ശോഭിക്കുന്നു. കല്‌പന ലംഘനത്തെപ്പറ്റി സ്ഥലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥത്താര്‍ ദിവാന്‍ജി അവര്‍കള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. അത്‌ സംബന്ധിച്ച്‌ ദിവാന്‍ജിയുടെ അടുക്കല്‍ പല വിചാരണകളും കഴിഞ്ഞതിന്റെ ശേഷം ജോസഫ്‌ കത്തനാര്‍ പള്ളിയില്‍ കര്‍മ്മാനുഷ്‌ഠാനങ്ങള്‍ നടത്തിയത്‌ നിയമവിരുദ്ധമല്ലെന്നും മേലാല്‍ ആ പള്ളിയില്‍ കര്‍മ്മാദികള്‍ നടത്തുന്നതിന്‌ വിരോധമില്ലെന്നും ദിവാന്‍ജി ന്യായാനുരൂപമായി തീരുമാനിച്ചു.
(കൊല്ലം കമ്മിറ്റിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തി മാത്യൂസ്‌ മാര്‍ അത്താനാസ്യോസിനെ എല്ലാ യാക്കോബായക്കാരും അനുസരിച്ച്‌ നടന്നുകൊള്ളണമെന്ന്‌ 1027 (1852) കര്‍ക്കിടകം 15–ാം തീയതി തിരുവിതാംകൂര്‍ മഹാരാജാവ്‌ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിനെ അനുകരിച്ച്‌ കൊച്ചി സര്‍ക്കാരില്‍ നിന്ന്‌ 1029 (1853) കന്നി 20–ാം തീയതി വേറൊരു വിളംബരം പ്രസിദ്ധപ്പെടുത്തി. അന്ത്യോഖ്യായില്‍ നിന്ന്‌ മെത്രാന്‍പട്ട സ്ഥാനം ലഭിച്ച്‌ മലയാളത്തില്‍ എത്തിയ മാത്യൂസ്‌ മാര്‍ അത്താനാസ്യോസിനെ പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ എല്ലാവരും അംഗീകരിച്ച്‌ അനുസരിച്ച്‌ നടന്നുകൊള്ളണം എന്നായിരുന്നു വിളംബരത്തില്‍ പറഞ്ഞിരുന്നത്‌.)
കിഴക്കേ പുത്തന്‍പള്ളിയുടെ സ്ഥാപനത്തെ ത്വരിതപ്പെടുത്തിയ മറ്റൊരു സാഹചര്യവും കൂടെ ഇവിടെ രേഖപ്പെടുത്തുവാനുണ്ട്‌. കുന്നംകുളം പഴയപള്ളിയില്‍ കോട്ടയം പഴയസെമിനാരി സ്ഥാപകന്റെ കബറിടം ഉണ്ടായിരുന്നത്‌ യൂയാക്കീം മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്താ പൊളിച്ചുകളഞ്ഞതും കബറിന്റെ അവശിഷ്‌ടങ്ങളും കബറിലെ കുരിശും പല വീടുകളുടെ വാതില്‍ക്കലും രാത്രി ചാരിവച്ചതും പഴയപള്ളി ചരിത്രവിവരണത്തില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. കബറിന്റെ അവശിഷ്‌ടങ്ങള്‍ ശേഖരിച്ച്‌ പഴയപള്ളിയുടെ ത്രോണോസില്‍ ഒരു കുദൂശ്‌കുദ്‌ശീന്‍ പണിയാന്‍ ഉപയോഗിച്ചു. കബറിത്തേല്‍ ഉണ്ടായിരുന്ന കുരിശ്‌ ഒരു പള്ളി പുതുതായി പണിയിച്ച്‌ അതില്‍ മാത്രമേ സ്ഥാപിക്കുകയുള്ളു എന്ന്‌ അവര്‍ ശപഥം ചെയ്‌തു. അതുവരെയും അത്‌ താഴെ വയ്ക്കാതെ ഓരോരുത്തരായി വഹിച്ചുകൊണ്ടുനടക്കുകയും രാത്രികാലങ്ങളില്‍ അവരവരുടെ നെഞ്ചില്‍ വച്ചുകെട്ടി ഉറങ്ങുകയും ചെയ്‌തു എന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌. ഇപ്രകാരം ഒന്ന്‌ രണ്ടു മാസക്കാലം കഴിഞ്ഞപ്പോള്‍ കസേരക്കാര്‍ എന്ന്‌ പേരുള്ള ഏഴു പേര്‍ ചേര്‍ന്ന്‌ 1027 (1851) വൃശ്ചികം 5–ാം തീയതി കിഴക്കേ അങ്ങാടിയുടെ കിഴക്കേഅറ്റത്തു കൈതക്കാലി നിലം എന്നറിയപ്പെട്ടിരുന്ന നെല്‌പാടം പള്ളി പണിയേണ്ട ആവശ്യത്തിനായി ചെറുവത്തൂര്‍ ചാക്കു ഇട്ടിക്കുരു എന്ന വ്യക്തിയില്‍ നിന്ന്‌ തീറു വാങ്ങുകയും വൃശ്ചികം 12–ാം തീയതി (പഴയസെമിനാരി സ്ഥാപകന്റെ ഓര്‍മ്മപ്പെരുനാള്‍) പുലിക്കോട്ടില്‍ യൌസേപ്പ്‌ കത്തനാര്‍ (വലിയച്ചന്‍) പനക്കല്‍ കാക്കു മല്‌പാന്റെ സഹകരണത്തില്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ നാമത്തില്‍ പള്ളിക്ക്‌ കല്ലിടുകയും മുന്‍പറഞ്ഞ കുരിശ്‌ ആ കല്ലിത്തേല്‍ വയ്ക്കുകയും ചെയ്‌തു. പിന്നീട്‌ അത്‌ പള്ളിയായി ഉയര്‍ത്തുകയും കല്ലിത്തേല്‍ വച്ചിരുന്ന കുരിശ്‌ മദ്‌ബഹായില്‍ ത്രോണോസില്‍ സ്ഥാപിക്കുകയും ചെയ്‌തു (നവീകരണം പ്രബലമായ പശ്ചാത്തലം ദേവാലയ നിര്‍മ്മിതിയെ അനിവാര്യമാക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്‌തു). 1084–ല്‍ (1908) പനയ്ക്കല്‍ കുടുംബക്കാര്‍ സ്വന്തം ചിലവില്‍ പള്ളിക്ക്‌ ഒരു പൂമുഖം പണിത്‌ ഓടിട്ടു. പിന്നീട്‌ ആര്‍ത്താറ്റ്‌ പള്ളിയില്‍ നിന്ന്‌ 1000 രൂപായും പൊതുജനങ്ങളില്‍ നിന്ന്‌ കുറെ സംഖ്യയും ശേഖരിച്ച്‌ 1095–ാം ആണ്ടില്‍ (1920) ഓലമേഞ്ഞിരുന്ന പള്ളി പരിഷ്‌ക്കരിച്ച്‌ ഓടു മേഞ്ഞു. പനയ്ക്കല്‍ ചേറു കാക്കു, കാക്കശ്ശേരി മാത്തു, ഇട്ടി മാണി എന്നിവര്‍ ഈ നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കി. പള്ളിയുടെ വടക്കേ ഭാഗത്ത്‌ പ്രദക്ഷിണം നടത്തുവാന്‍ സ്ഥലമില്ലായ്‌കയാല്‍ ടി കാക്കു, കാക്കശ്ശേരി ഇട്ടി മാണി, മാത്തു എന്നിവര്‍ 600 രൂപായ്ക്ക്‌ പള്ളിപറമ്പിനോട്‌ ചേര്‍ന്ന സ്ഥലം തീറുവാങ്ങി പള്ളിക്ക്‌ ദാനം ചെയ്‌തു. അങ്ങനെ പള്ളിപ്പറമ്പ്‌ വിസ്‌തീര്‍ണ്ണപ്പെടുത്തി. 1101–ാം ആണ്ടില്‍ (1925) കൊച്ചി മഹാരാജാവ്‌ പള്ളിയുടെ കിഴക്കേ കെട്ടിടത്തിന്റെയും മദ്‌ബഹായുടെയും മറ്റും ഓടുപണിക്കായി 15 കണ്ടി തേക്കുമരം സൌജന്യമായി പനയ്ക്കല്‍ ചാക്കു കുഞ്ഞാത്തുവിന്റെ പേരില്‍ നല്‍കി. അത്രയുമായപ്പോള്‍ പൊതുജനങ്ങളില്‍നിന്ന്‌ ഒരു പിരിവെടുത്തു പള്ളിയുടെ എല്ലാ ഭാഗവും ഓടിട്ട്‌ പണി പൂര്‍ത്തീകരിച്ചു. 1945 മേയ്‌ 11, 12 തീയതികളില്‍ കണ്ടനാട്‌ ഇടവകയുടെ ഔഗേന്‍ മാര്‍ തീമോത്തിയോസും കോട്ടയം ഇടവകയുടെ കുറിയാക്കോസ്‌ മാര്‍ ഗ്രീഗോറിയോസും ചേര്‍ന്ന്‌ പള്ളിയുടെ പൂര്‍ണ്ണകൂദാശ നിര്‍വഹിച്ചു.
പനയ്ക്കല്‍ യാക്കോബ്‌ മല്‌പാന്റെ നേതൃത്വത്തില്‍ ഇവിടെ ഒരു മല്‌പാന്‍ പാഠശാല കുറെക്കാലം പ്രവര്‍ത്തിച്ചിരുന്നു. 1953–ല്‍ പള്ളിയുടെ ശതാബ്‌ദി വിപുലമായി ആഘോഷിച്ചു. അതിന്റെ സ്‌മാരകമായി കാതോലിക്കോസ്‌ സോവനീര്‍ പ്രസിദ്ധീകരിച്ചു. എം.ജി.എം. സംഘത്തിന്റെ കീഴില്‍ ഭകാതോലിക്കോസ്‌ ലൈബ്രറി’യും വായനശാലയും റോഡിനോടു ചേര്‍ന്നുള്ള പടിഞ്ഞാറുഭാഗത്തെ പള്ളികെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഈ പള്ളിയില്‍ ആഘോഷിക്കുന്ന വൃശ്ചികം 12–ാം തീയതി (പഴയ സെമിനാരി സ്ഥാപകന്റെ ഓര്‍മ്മ) കുന്നംകുളത്ത്‌ അടുത്തകാലം വരെ ദേശീയ ഉത്സവം ആയിരുന്നു. അന്നത്തെ പെരുനാള്‍ സദ്യയ്ക്ക്‌ ആവശ്യമായ ചിലവിലേക്ക്‌ 300 പറ നെല്ല്‌ പാട്ടം കിട്ടുന്ന ഭൂമി പുലിക്കോട്ടില്‍ വീട്ടുകാരെ പാട്ടത്തിന്‌ ഏല്‌പിച്ചിട്ടുണ്ട്‌. 300–ലേറെ വീട്ടുകാരുള്ള ഈ ഇടവക ആര്‍ത്താറ്റ്‌ കുന്നംകുളം ട്രസ്റ്റില്‍പെട്ട ഇടവകയായിരുന്നു. ഇടവകയെ സ്വതന്ത്ര ഇടവകയാക്കി ഒരു കല്‌പന മുഖേന കുന്നംകുളം മെത്രാപ്പോലീത്താ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്‌ ആര്‍ത്താറ്റ്‌ – കുന്നംകുളം ഇടവകയെ വ്യവഹാരത്തിലേക്ക്‌ നയിച്ചു. സ്വതന്ത്ര ഇടവകയാവാന്‍ വിസമ്മതിച്ച ഇടവകയ്ക്ക്‌ വൈദികരുടെ സേവനം അനുവദിക്കപ്പെടാതിരുന്നതിനാല്‍ വര്‍ഷങ്ങളോളം ആരാധന ആണ്ടിലൊരിക്കല്‍ പെരുനാളിന്‌ മാത്രമായി പരിമിതപ്പെട്ടു. മെത്രാപ്പോലീത്താ കാതോലിക്കാ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ കേസുകള്‍ രാജിയാവുകയും 2008 മുതല്‍ സ്വതന്ത്ര ഇടവക ആവുകയും ചെയ്‌തു. അങ്ങാടിയിലെ വ്യാപാരം പൂര്‍ണ്ണമായി പാറയിലങ്ങാടിയിലേക്ക്‌ മാറ്റപ്പെടുകയും മറ്റു പള്ളികളിലെ പെരുനാളുകള്‍ ശക്തിപ്പെടുകയും പുത്തന്‍പള്ളിയിലെ ആരാധനകള്‍ മുടങ്ങുകയും ചെയ്‌ത വര്‍ഷങ്ങളില്‍ ദേശീയോത്സവത്തിന്റെ ഛായയില്‍ ആഘോഷിക്കപ്പെട്ട പെരുനാളിന്റെ നിറം മങ്ങിപ്പോയി.
കോട്ടയം പഴയസെമിനാരി സ്ഥാപകന്റെ ഭൌതികാവശിഷ്‌ടം പ. ഔഗേന്‍ ബാവാ, യൂഹാനോന്‍ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തായുടെ സഹകരണത്തോടെ 1972 നവം. 28–ാം തീയതി പള്ളിയുടെ അകത്ത്‌ വടക്കുവശത്ത്‌ ഒരു കബര്‍ പണിത്‌ സ്ഥാപിക്കുകയും പഴയ കബറിലെ കുരിശ്‌ ഈ പുതിയ കബറില്‍ സ്ഥാപിച്ചിരിക്കുന്നു. 2011–ല്‍ സ്‌മാരക കബറിടം പരിഷ്‌ക്കരിച്ചു.

II

നവീകരണകലഹത്തെ തുടര്‍ന്ന്‌ പഴയപള്ളിയും പൂട്ടിയതോടെ സുറിയാനിക്കാര്‍ക്ക്‌ ആരാധനാലയമില്ലാതെയായി. ഈ ഘട്ടത്തില്‍ പഴഞ്ഞിപള്ളിയില്‍ സേവനം അനുഷ്‌ഠിച്ചിരുന്ന പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാര്‍ (പരുമല സെമിനാരി സ്ഥാപകന്‍) പൂര്‍വിക വിശ്വാസപ്രകാരം ആരാധന നടത്തുവാന്‍ ഒരു പുതിയ പള്ളി വക്കുവാനുള്ള അനുവാദത്തിനായി കൊച്ചി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കുകയും അനുവാദം ലഭിക്കുകയും ചെയ്‌തു. ക്ഷണത്തില്‍ കുന്നംകുളം വലിയങ്ങാടിയുടെ കിഴക്കുഭാഗത്ത്‌ മാര്‍ത്തോമ്മാശ്ലീഹായുടെ നാമത്തില്‍ ഒരു പള്ളി ഉയര്‍ന്നു. രാജകീയ വിളംബരത്തിന്റെ പിന്‍ബലത്തില്‍ അതിപ്രതാപത്തോടെ ഭരണം നടത്തുന്ന പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസ്‌ ദിവാനെ സ്വാധീനിച്ച്‌ പുതിയ പള്ളിയില്‍ ആരാധന നടത്തുന്നത്‌ നിരോധിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു. നിരോധന ഉത്തരവ്‌ തൃണവല്‍ഗണിച്ചുകൊണ്ട്‌ 1852 വൃശ്ചികം 12–ന്‌ കോട്ടയം പഴയ സെമിനാരി സ്ഥാപകന്റെ ഓര്‍മ്മപ്പെരുന്നാളില്‍ സ്‌മാരക കബറിലെ കുരിശ്‌ പുതിയ ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ച്‌ പുലിക്കോട്ടില്‍ ജോസഫ്‌ കത്തനാര്‍ വി. കുര്‍ബ്ബാന ചൊല്ലി. വിചാരണകള്‍ക്ക്‌ ശേഷം ഈ നടപടിയെ അധികൃതര്‍ ശരിവച്ചു; നിയമ നടപടികള്‍ പിന്‍വലിക്കുകയും ചെയ്‌തു. സിംഹപ്രതാപിയായ പാലക്കുന്നത്ത്‌ മെത്രാച്ചന്റെ സുഗ്രീവാജ്ഞ മലങ്കരസഭയില്‍ ആദ്യം പരാജയപ്പെട്ടത്‌ ഈ കുന്നംകുളം സെന്റ്‌ തോമസിന്റെ നാമത്തിലുള്ള കിഴക്കേ പുത്തന്‍പള്ളിയില്‍ ആയിരുന്നു. ഈ വിജയമാണ്‌ നവീകരണത്തിനെതിരെ പോരാടുവാനായി സമരരംഗത്തെ നായകനായി അദ്ദേഹത്തെ മലങ്കരസഭ പ്രതിഷ്‌ഠിക്കുവാന്‍ മുഖ്യഹേതു. 1889–ലെ റോയല്‍ കോടതി വിധിയോടെ സഭ തന്നിലേല്‌പിച്ച ദൌത്യം അദ്ദേഹം വിശ്വസ്‌തയോടെ നിറവേറ്റി. പഴയസെമിനാരി സ്ഥാപകന്റെ ഓര്‍മ്മ പ്രധാന പെരുന്നാള്‍ ആയി ഇവിടെ ആഘോഷിക്കുന്നു.

– ഫാ. ഡോ. ജോസഫ്‌ ചീരന്‍

Leave a Reply

Your email address will not be published. Required fields are marked *