St. Mary’s Church, Kandanad

St. Mary's Church, Kandanad

കണ്ടനാട്‌ പള്ളി:

കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിര്‍ത്തിക്ക്‌ സമീപം സ്ഥിതിചെയ്യുന്ന പ്രാചീന ദേവാലയം. പാലൂര്‍, കൊടുങ്ങല്ലൂര്‍, അങ്കമാലി എന്നീ കേന്ദ്രങ്ങള്‍ക്ക്‌ ശേഷം വടക്ക്‌ കണ്ടനാടും തെക്ക്‌ നിരണവും മലങ്കരസഭയുടെ തലസ്ഥാന ദേവാലയങ്ങളായി വര്‍ത്തിച്ചു. പകലോമറ്റം മെത്രാത്താരില്‍ പലരുടെയും ആസ്ഥാനമായിരുന്ന കണ്ടനാട്‌ മര്‍ത്തമറിയം പള്ളിയില്‍ 1728–ല്‍ 4–ാം മാര്‍ത്തോമ്മായും 1764–ല്‍ ശക്രള്ളാ മാര്‍ ബസ്സേലിയോസ്‌ മഫ്രിയാനയും കബറടങ്ങി. ആയിരത്തോളം ഇടവകക്കാരുണ്ട്‌. 1876–ല്‍ പത്രോസ്‌ തൃതീയന്‍ മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി വിഭജിച്ചപ്പോള്‍ കണ്ടനാട്‌ പള്ളി കേന്ദ്രമായി ഒരു ഭദ്രാസനം രൂപീകരിച്ചു. അന്ന്‌ വാഴിക്കപ്പെട്ട ആറ്‌ മെത്രാത്താരില്‍ ഒരാള്‍ – കരോട്ടുവീട്ടില്‍ ശെമവൂന്‍ ദീവന്നാസ്യോസ്‌ – കണ്ടനാട്‌ ഇടവക വികാരി ആയിരുന്നു. കൊച്ചിയുടെ മെത്രാനായി നിയമിക്കപ്പെട്ട അദ്ദേഹത്തെ കൊച്ചി മെത്രാസനം സ്വീകരിക്കാതെ വന്നപ്പോള്‍ അദ്ദേഹം ജീവപര്യന്തം താമസിച്ചത്‌ കണ്ടനാട്‌ പള്ളിയിലാണ്‌. 8–ാം മാര്‍ത്തോമ്മായുടെ മെത്രാന്‍ വാഴ്‌ച സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ തീര്‍ക്കുവാന്‍ 1809 ചിങ്ങം 1 നും പാലക്കുന്നത്ത്‌ മാത്യൂസ്‌ മാര്‍ അത്താനാസ്യോസിന്റെ സുസ്‌താത്തിക്കോന്‍ പരമ്പരാഗതമായ രീതിയില്‍ വായിച്ചുകേട്ട്‌ അംഗീകാരം നല്‍കുവാന്‍ 1843 ചിങ്ങം 3 നും മലങ്കര പള്ളിപ്രതിപുരുഷയോഗം ചേര്‍ന്നത്‌ ഇവിടെയാണ്‌. 1809–ലെ സമ്മേളനത്തില്‍ അംഗീകരിച്ച കണ്ടനാട്‌ പടിയോല ഒരര്‍ത്ഥത്തില്‍ മലങ്കരസഭയുടെ കാനോനും നടപടിക്രമവും ഭരണഘടനയുമാണ്‌. 1806–ല്‍ ഡോ. ക്ലോഡിയസ്‌ ബുക്കാനന്‍ ഈ പള്ളി സന്ദര്‍ശിച്ചു. ഇവിടെവച്ചാണ്‌ 6–ാം മാര്‍ത്തോമ്മാ പ്രാചീന സുറിയാനി ബൈബിള്‍ (ഇപ്പോള്‍ കേംബ്രിഡ്‌ജില്‍) ബുക്കാനന്‌ സമ്മാനിച്ചത്‌.

– ഫാ. ഡോ. ജോസഫ് ചീരന്‍

kandanad_church

Leave a Reply

Your email address will not be published. Required fields are marked *